🌺സയ്യിദ നഫീസ (റ)
(റമളാൻ 15, ഓർമ്മ ദിനം)-
ആദ്ധ്യാത്മിക സരണിയിൽ പ്രകാശ ജ്വലനം നടത്തിയ സയ്യിദ നഫീസ (റ) സൂഫീ പാതയിലെ ചക്രവർത്തിനിയാണ്. മുത്ത് നബി (സ)യുടെ സന്താന പരമ്പരയിൽ പിതാവ് വഴി ഇമാം ഹസനിലേക്കും (റ) മാതാവ് വഴി ഇമാം ഹുസൈനിലേക്കും (റ) നീളുന്നതാണ് നഫീസയുടെ കുടുംബം. ഹിജ്‌റ 145 റബീഉൽ അവ്വൽ 11 (ക്രിസ്തുവർഷം 762 ജൂൺ 9) വിശുദ്ധ മക്കയിൽ സയ്യിദ് അബു മുഹമ്മദ് ഹസനുൽ അൻവർ എന്നവരുടെയും സൈനബ ബിൻത് ഹസ്സന്റെയും (ഉമ്മുസലമ) മകളായി നഫീസ ജനിച്ചു. നഫീസ എന്നാൽ രത്നം എന്നാണർത്ഥം. ഖാസിം, മുഹമ്മദ്, അലി, ഇബ്‌റാഹിം, സൈദ്, അബ്ദുല്ല, യഹ്‌യ, ഇസ്മാഈൽ, ഇസ്‌ഹാഖ്, ഉമ്മുകുൽസും എന്നിവർ നഫീസയുടെ സഹോദരി സഹോദരങ്ങളായിരുന്നു. നഫീസ താഹിറ, നഫീസത്തുൽ മിസ്‌രിയ്യ എന്നീ പേരുകളിലും ബീവി അറിയപ്പെട്ടു.
നഫീസക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് സയ്യിദ് ഹസനുൽ അൻവർ മദീനയിലെ ഗവര്‍ണറായി നിയമിതനാകുന്നത്. അങ്ങനെ നഫീസയും കുടുംബവും അദ്ദേഹത്തോടൊപ്പം മദീനയിലേക്ക് യാത്രതിരിച്ചു. പിന്നീട് ബീവി തന്റെ ബാല്യകാലം ചെലവഴിച്ചത് വിശുദ്ധ മദീനയിലാണ്. ബീവിയുടെ ഇസ്‌ലാമിക വ്യക്തിത്വം രൂപീകരിക്കുന്നതിലും സ്വഭാവ സംസ്‌കരണത്തിലും മദീനാജീവിതം നിര്‍ണായക പങ്കുവഹിച്ചു. അന്ന് മസ്ജിദുന്നബവി വിജ്ഞാനത്തിന്റെ വിളനിലമായിരുന്നു. നിരന്തരമായ ദര്‍സുകളും പഠനക്ലാസുകളും മദീനയെ വിജ്ഞാന കുതുകികളുടെ ആകര്‍ഷക കേന്ദ്രമാക്കി. വിശ്വവിഖ്യാത പണ്ഡിതനായ ഇമാം മാലിക് (റ) വിനെ പോലുള്ള പ്രഗല്‍ഭ പണ്ഡിത മഹത്തുക്കളാണ് അന്ന് പുണ്യ മദീനയിലെ വിജ്ഞാന പഠന മനനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നത്.
ആറാം വയസ്സില്‍ നഫീസത്തുല്‍ മിസ്‌രിയ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ തുടങ്ങി. എട്ട് വയസ്സായപ്പോൾ ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കി. പിതാവ് ഹസന്‍ അന്‍വറിൽ നിന്നാണ് ബീവി ഖുർആനും ഹദീസും ആധ്യാത്മിക വിജ്ഞാനവും ധ്യാനവുമൊക്കെ നുകർന്നത്. പിതാവിനോടൊപ്പം സ്ഥിരമായി വിദ്യാസദസ്സുകളില്‍ സംവദിക്കാനും ദർസുകളിൽ പങ്കെടുക്കാനും ബീവിക്ക് അവസരമുണ്ടായി.
പിതാവിൽ നിന്നും ഖുർആനും ഹദീസും കർമ്മശാസ്ത്രവും വിശ്വാസശാസ്ത്രവും ആധ്യാത്മികതയുമൊക്കെ കരസ്ഥമാക്കി. ഖുർആൻ മുഴുവനായും ആയിരക്കണക്കിന് ഹദീസുകളും ഹൃദ്യസ്തമാക്കിയിരുന്നു. അമൂല്യമായ ആധ്യാത്മിക ജ്ഞാനം കരസ്ഥമാക്കുകയും മറ്റുളളവർക്ക് അത് പകർന്നു കൊടുക്കുകയും ചെയ്തിരുന്നു.
ഇമാം മാലിക്ക് (റ) വിൽ നിന്നും ഹദീസും ഫിഖ്ഹും ഗഹനമായ വഴക്കത്തോടെ ബീവി പഠിച്ചു. ഇമാമിന്റെ മുവത്വ എന്ന ഹദീസ് ഗ്രന്ഥം മനഃപാഠമാക്കി. ആധ്യാത്മിക ജീവിത സരണിയും സൂഫീ വഴിയും പ്രമുഖ സൂഫീ ചരിതങ്ങളും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത അവർ അല്ലാഹുവിന്റെ ഇഷ്ടവും പൊരുത്തവും നേടാനുള്ള വഴികള്‍ ആഗ്രഹിച്ച് അവ ജീവിതത്തിൽ പ്രായോഗികമാക്കാനുള്ള വഴികൾ അന്ന്വേഷിച്ചു തുടങ്ങി.
ആധ്യാത്മിക മാർഗ്ഗത്തിൽ ആകൃഷ്ടയായ അവർ ഏകാന്തതയും ധ്യാനവും പരിത്യാഗവും ഇഷ്ടപ്പെട്ടു. ഒറ്റക്കിരുന്ന് ധ്യാന നിമഗ്നയായി ദൈവകീര്‍ത്തനം നടത്തുന്നതിലും പ്രാര്‍ഥനയില്‍ മുഴുകുന്നതിലും അവര്‍ ആനന്ദവും സന്തോഷവും കണ്ടെത്തി. ജീവിതത്തിൽ വന്നു ചേരാനിടയുള്ള എല്ലാ തിന്മകളിൽ നിന്നും മുക്തി നേടാൻ അവർ ആഗ്രഹങ്ങളുടെ വേരറുത്തു മാറ്റി. ആഡംബരത്തെയും പ്രകടനപരതയെയും വെറുത്തു. ജീവിത വിശുദ്ധിയും ലാളിത്യവും വിനയവും സദാ കാത്തുസൂക്ഷിച്ചു. ചെറുപ്പനാളിലെ അവരുടെ പാണ്ഡിത്യത്തിന്റെ മഹിമയും മാഹാത്മ്യവും ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചപ്പോള്‍ ആളുകള്‍ അവരെ "നഫീസത്തുല്‍ ഇല്‍മ്" (അറിവിന്റെ അമൂല്യ രത്‌നം) എന്ന് വിളിച്ചു. ബീവിക്ക് പതിനാറു വയസ്സായപ്പോൾ (ഹിജ്‌റ 161) അഹ്‌ല് ബൈത്തില്‍പ്പെട്ട സൂഫിയും അഗാധപാണ്ഡിത്യത്തിനുടമയുമായ ഇസ്ഹാഖ് അൽ മുഅതമിൻ എന്ന പണ്ഡിതന് ബീവിയെ വിവാഹം കഴിച്ചു കൊടുത്തു. വിവാഹാനന്തരം ബീവിയും ഭർത്താവും മദീനയിൽ നിന്ന് മക്കയിലേക്ക് തന്നെ പോയി.
ഇസ്ഹാഖുമായുള്ള ദാമ്പത്യജീവിതം എല്ലാ അര്‍ഥത്തിലും സന്തോഷകരമായിരുന്ന അവര്‍ക്ക് കാസിം, ഉമ്മു കുല്‍സൂം എന്നീ കുഞ്ഞുങ്ങള്‍ പിറന്നു. ഭര്‍ത്താവും കുഞ്ഞുങ്ങളുമൊത്ത് 32 കൊല്ലത്തോളം അവര്‍ മക്കയിൽ തന്നെ കഴിഞ്ഞു കൂടി
ഹിജ്‌റ 193 ഇൽ ഭർത്താവിനൊപ്പം ബീവിയും കുടുംബവും മക്കയിൽ നിന്നും മിസ്‌റിലേക്ക് (ഈജിപ്ത്) യാത്ര തിരിച്ചു. ഹിജ്‌റ 193 റമദാന്‍ 26-നാണ് അവര്‍ കെയ്‌റോയിലെത്തി. അബ്ബാസി ഖലീഫയായ മൻസൂറിന്റെ കാലത്തായിരുന്നു അത്. ഈജിപ്തിലെത്തിയ മഹതിയെ വൻ ജനാവലിയാണ് വരവേറ്റത്. അവരുടെ ഖ്യാതിയും പാണ്ഡിത്യവും ആധ്യാത്മിക ജീവിത വിശുദ്ധിയും മനസ്സിലാക്കിയ മിസ്റ് വാസികൾ അവരുടെ പ്രാർത്ഥനയും അവരിൽ നിന്ന് അറിവ് കരസ്ഥമാക്കാനുമായി തിങ്ങിക്കൂടാൻ തുടങ്ങി. എന്നാൽ തന്റെ ആരാധനകള്‍ക്ക് ഇത് വിഘാതമാകുന്നു എന്ന് മനസ്സിലാക്കി പിതാമഹന്‍ അന്തിയുറങ്ങുന്ന വിശുദ്ധ മദീനയിലേക്ക് തന്നെ പോകാന്‍ ബീവിയും കുടുംബവും തീരുമാനിച്ചു. ജനങ്ങളുടെ അഭ്യര്‍ഥന മാനിച്ച് പ്രാദേശിക ഗവര്‍ണ്ണര്‍ സരിയ്യ് ഇബ്‌നു ഹകം ബീവിയുമായി സംസാരിച്ചു ആഴ്ചയില്‍ രണ്ട് ദിവസമായി ജനസന്ദര്‍ശനം ചുരുക്കുകയും അത് ബീവി അംഗീകരിക്കുകയും ചെയ്തു. അങ്ങനെ ഈജിപ്തുകാരി നഫീസ എന്നർത്ഥത്തിൽ ബീവി നഫീസത്തുൽ മിസ്‌രിയ എന്നറിയപ്പെട്ടു.
വിദൂര ദേശങ്ങളില്‍ നിന്ന് പോലും മഹതിയിൽ നിന്ന് അറിവ് കരസ്ഥമാക്കാനും ആധ്യാത്മിക വഴികൾ പരിശീലിക്കാനുമായി മഹാ പണ്ഡിതന്മാർ വന്നെത്താൻ തുടങ്ങി. അങ്ങനെ മഹതിയെ തേടിവന്ന പ്രമുഖരാണ് വിശ്വപ്രസിദ്ധ പണ്ഡിതനും ശാഫിഈ മദ്ഹബിന്റെ ഉപജ്ഞാതാവുമായ ഇമാം ശാഫിഇ (റ)വും പ്രമുഖ സൂഫി ഗുരുവായ ദുന്നൂനുൽ മിസ്‌രി (റ) വും. മഹതി ഈജിപ്തിലെത്തി അഞ്ച് വര്‍ഷം കഴിഞ്ഞ് ഹിജ്‌റ 198- ലാണ് ഇമാം ശാഫിഈ (റ) ഈജിപ്തിലെത്തുന്നത്. മഹതിയില്‍ നിന്ന് ഇമാം ഹദീസും ഫിഖ്ഹും പഠിച്ചു. ഇമാം മഹതിയുമായി സുദൃഢമായ ബന്ധം സ്ഥാപിച്ചു. മസ്ജിദ് ഫുസ്താത്വിലേക്ക് ദര്‍സ് നടത്താന്‍ പോകുമ്പോഴും തിരിച്ചുവരുമ്പോഴും അദ്ദേഹം മഹതിയെ സ്ഥിരമായി സന്ദര്‍ശിക്കുമായിരുന്നു.
ശാഫി ഇമാമിന് രോഗം വരുമ്പോഴെല്ലാം മഹതിയോട് പ്രാര്‍ഥിക്കാന്‍ പറയുകയും പ്രാര്‍ഥനയിലൂടെ രോഗം സുഖപ്പെടുകയും ചെയ്തു. അദ്ദേഹം മരണപ്പെടാന്‍ കാരണമായ രോഗാവസ്ഥയിലും പ്രാര്‍ഥിക്കാന്‍ പറയുകയുണ്ടായി. അവസാനം മഹതി പ്രാര്‍ഥിച്ചത് ഇമാമിന് നല്ല നിലയില്‍ അല്ലാഹുവിനെ കണ്ടുമുട്ടാന്‍ അല്ലാഹു ആഫിയത്ത് ചെയ്യട്ടെ എന്നായിരുന്നു. അതില്‍ നിന്ന് തന്റെ മരണം ആസന്നമായെന്ന് ഇമാം ശാഫി (റ) ഉറപ്പിച്ചു.
വിജ്ഞാനത്തിന്റെയും ആധ്യാത്മിക പരിശീലനങ്ങളുടെയും സംഭവ ബഹുലമായ ഏഴു വര്ഷങ്ങളാണ് മഹതി ഈജിപ്തിൽ കഴിച്ചു കൂട്ടിയത്. യഹൂദരും ക്രിസ്ത്യാനികളും ഉൾപ്പടെ ആയിരങ്ങൾ മഹതിയുടെ പ്രബോധന സംസ്കരണ പ്രവർത്തനങ്ങളിലൂടെ ഇസ്‌ലാം ആശ്ലേഷിച്ചു. "വിശ്വാസം ഇല്ലാതാകുന്നതോടെ നിന്നിലെ നീ മരിക്കുന്നു, സൽസ്വാഭാവത്തിലൂടെ നിന്റെ വിശ്വാസത്തെ പാകപ്പെടുത്തുക, ശേഷം ഹൃദയത്തിലേക്ക് വിനയത്തിന്റെ പാതയൊരുക്കുക, അഹങ്കാരം ഒഴിവാക്കിയാൽ അല്ലാഹു നിന്നെ തേടിവരും" വിശ്വാസത്തിന്റെ മഹിമ എത്രത്തോളമെന്നതിനു ഈ വചനം നൽകുന്ന ഊർജ്ജം ചില്ലറയൊന്നുമല്ല. ഭയഭക്തി, സൂക്ഷ്മത, പരിത്യാഗം, ഉപാസന, ധ്യാനം, ജനസേവനം എന്നിവയിലൂടെ ദൈവസാമീപ്യം നേടിയ ബീവി ആത്മീയതയുടെയും ദിവ്യജ്ഞാനത്തിന്റെയും പ്രകാശം പ്രവഹിപ്പിച്ചു. സ്ത്രീ സമൂഹത്തിന് മാത്രമല്ല, പുരുഷന്മാര്‍ക്കും മാതൃകയായ മഹിളാ രത്നമായിരുന്നു അവർ. പാണ്ഡിത്യം കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും ഇസ്‌ലാമിക ചരിത്രത്തില്‍ അനന്യമായ ഔന്നത്യത്തിന്റെ പടവുകള്‍ താണ്ടിയ മഹാപ്രതിഭ. പെണ്‍ചിന്തയുടെ ഇടനാഴികകളില്‍ തസവ്വുഫിനെ സജീവമാക്കിയ ഏറ്റവും പ്രമുഖയായ സൂഫിവനിതയായിരുന്നു അവർ.
അറുപത് വയസ്സ് പൂർത്തിയായപ്പോൾ വീടിനുള്ളിൽ അവരൊരു ഖബർ കുഴിച്ചു. രാത്രി ആരാധനകളൊക്കെ പിന്നെ ആ ഖബറിനുള്ളിലായി. നിരന്തരമായ ആത്മ സമരത്തിലായിരുന്നു അവർ. "അല്ലാഹ്, അല്ലാഹ് എന്ന് ഉച്ചത്തിൽ നിലവിളിക്കുന്ന നീ അല്ലാഹുവെ കണ്ടെത്താൻ എന്താണ് ചെയ്തത്?" എന്ന് അവർ ചോദിക്കുമായിരുന്നു. വരണ്ടുണങ്ങിയ ഹൃദയങ്ങളിലേക്ക് ഒരു വേനൽമഴ പോലെ ശാന്തമായിരുന്നു അവരുടെ ഉപദേശങ്ങൾ. മന്ദമാരുതൻ തഴുകി വരുന്നത് പോലെ അവരുടെ ഉപദേശങ്ങളിൽ ആത്മീയ സായൂജ്യം നേടിയ പരശ്ശതം മനുഷ്യർ. ഒരു സൂഫി എന്തായിരിക്കണം എന്നവർ ജീവിച്ചു കാണിച്ചു തന്നു. അത്ഭുത സിദ്ധികൾ കാണിച്ചു ആളുകളെ മയക്കി അതിൽ നിന്നും സാമ്പത്തിക ലാഭം ഉണ്ടാക്കി ആഡംബര ജീവിതം നയിക്കുകയായിരുന്നില്ല അവർ. സാമ്പത്തികമായി ഉന്നത ശ്രേണിയിലായിരുന്ന ബീവി തന്റെ കയ്യിലുള്ള ധനം പാവങ്ങൾക്കും ഇൽമ് പഠിക്കുന്നവർക്കുമായി വിതരണം ചെയ്തു. ശാഫി ഇമാമിന് പോലും ഇൽമ് പഠിക്കാനുള്ള സഹായം ബീവി ചെയ്തിരുന്നതായി ചരിത്രങ്ങളിൽ കാണാം.
അല്ലാഹു അവന്റെ ഇഷ്ട ദാസന്മാർക്ക് പ്രബോധനത്തിനും സംസ്കരണത്തിനുമായി കറാമത്തുകൾ നൽകും. അതവർക്ക് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ലഭിക്കുന്നതുമാണ്. യഥാർത്ഥത്തിൽ സൂഫിയുടെ ജീവിതം ബന്ധപ്പെട്ടു കിടക്കുന്നതു തർബിയത്തിലും ദഅവത്തിലുമാണ്. അത് തന്നെയാണ് ശരിയായ ആധ്യാത്മിക വഴിയും. അത്ഭുത സിദ്ധികളുടെയും അതിന്റെ വാഴ്ത്തലുകളുടെയും പിന്നാലെ മാത്രം പോകുമ്പോഴാണ് വ്യാജന്മാരും തലതിരിഞ്ഞ വഴികളും ഉടലെടുക്കുന്നത്. ഭൗതിക താല്പര്യങ്ങളാണല്ലോ അവയിൽ അടങ്ങിയിരിക്കുന്നതും.
ഹിജ്റ 208 റമളാൻ 15നു ബീവി ഈ ലോകത്തോട് യാത്ര പറഞ്ഞു. (ക്രിസ്തു വർഷം 824 ജനുവരി 21) അപ്പോൾ ബീവിക്ക് 63 വയസ്സായിരുന്നു പ്രായം. വീടിനകത്തു സ്വയം നിർമ്മിച്ച ഖബറിൽ തന്നെയാണ് മഹതിയെ ഖബറടക്കം ചെയ്തത്. സൂഫി വനിതകളിൽ പ്രമുഖയും ആധ്യാത്മിക രംഗത്തെ മഹാ വിസ്മയവുമായി സയ്യിദ നഫീസത്തുൽ മിസ്‌രിയയുടെ അന്ത്യവിശ്രമ കേന്ദ്രം ഈജിപ്തിലെ പ്രധാന സന്ദർശക കേന്ദ്രമാണ്.
വിജ്ഞാനം നേടുന്നതിനും ആത്മീയ ഉന്നതിയിലെത്തി ചേരാനും സ്ത്രീകൾക്ക് കഴിയുമെന്നതിന്റെ ഉത്തമോദാഹരണമാണ് മഹതിയുടെ ജീവിതം. ലോകപ്രശസ്ത പണ്ഡിതരുടെയും സൂഫീ ഗുരുക്കളുടെയും മാർഗ്ഗദർശിയാകാൻ സയ്യിദ നഫീസക്ക് കഴിഞ്ഞെങ്കിൽ അത് സ്ത്രീത്വത്തിനുള്ള മഹത്തായ അംഗീകാരം കൂടിയാണ്. ആധ്യാത്മിക അറിവാർജ്ജനത്തിലേക്കും പാണ്ഡിത്യത്തിലേക്കും നമ്മുടെ മക്കളെ തയ്യാറാക്കേണ്ടത് നാം തന്നെയാണ്. സൂക്ഷ്മതയും തഖ്‌വയും ഒത്തിണങ്ങിയ മേഖലകളിലൂടെ നമ്മുടെ സ്ത്രീകൾക്കിടയിൽ നഫീസമാർ സൃഷ്ടിക്കപ്പെടണം. പേരിനു വേണ്ടിയുള്ള പഠന കേന്ദ്രങ്ങളെക്കാൾ ഖുർആനും ഹദീസും ഫിഖ്‌ഹും ആധ്യാത്മികതയും സന്നിവേശിപ്പിച്ച "ത്വരീഖത്തിന്റെ" സൂക്ഷ്മ ജീവിത വഴികളിൽ പ്രവേശിപ്പിച്ചു സ്ത്രീ സമൂഹത്തിനിടയിൽ പ്രബോധനവും സംസ്കരണവും നടത്താൻ കഴിയുന്ന "സൂഫി തരുണികളെ' കാലം ഇന്നാവശ്യപ്പെടുന്നുണ്ട്. സ്ത്രീകൾക്കിടയിൽ പുരുഷന്മാരുടെ പ്രസംഗാധിപത്യത്തേക്കാൾ സ്ത്രീകളുടെ തന്നെ നേതൃത്വത്തിലുള്ള ദഅവത്തിനു വലിയ ചലനങ്ങൾ തന്നെ സൃഷ്ടിക്കാനാകും. സയ്യിദ നഫീസയും, റാബിയയും നമുക്കത് പറഞ്ഞു തരുന്നുണ്ട്. ചരിത്രങ്ങൾ പാടി പറഞ്ഞു ആവേശത്തിരയിളക്കിയത് കൊണ്ടായില്ല പുനഃസൃഷ്ടിക്കേണ്ടത് സൃഷ്ട്ടിക്കാൻ കൂടിയുള്ളതാകണം.
നഫീസ ബീവിയുടെ മഹത്വത്തിനാൽ അള്ളാഹു നമ്മെ സ്വീകരിക്കട്ടെ. ആമീൻ