Monday, 30 March 2020

ശൈഖുനാ ഇകെ മഹ്മൂദ് മുസ്ലിയാർ വിനയത്തിന്റെ ജ്ഞാന സുകൃതം

1950 ലെ റബീഉൽ അവ്വലിൽ കാസർക്കോട് ജില്ലയിലെ നീലേശ്വരത്തെ പ്രശസ്ത പണ്ഡിത കുടുംബമായ ഇടക്കാവിൽ കോട്ടയില് ജനനം.പിതാവ് വലിയ മുദരിസായിരുന്ന മുഹമ്മദ് മുസ്ലിയാർ.പൊന്നാനി മഖ്ദും കുടുംബാംഗമാണ് അദ്ധേഹം.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉസ്താദ് തന്റെ പിതാവിന്റെ കൂട്ടുകാരനായിരുന്ന കാസർക്കോട് പടന്നക്കടുത്ത മുദരിസായിരുന്ന സയ്യിദ് യാസീൻ മുത്തുക്കോയ തങ്ങളുടെ ദർസിൽ ചേർന്ന് മതപഠനം ആരംഭിച്ചു. ഒരു വർഷം അവിടെ പഠിച്ച ശേഷം ഇരിങ്ങല്ലൂർ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ കീഴിൽ മാട്ടൂൽ ,രാമന്തളി എന്നിവിടങ്ങളിലായി മൂന്നു വർഷം പഠനം.
ശേഷം പ്രശസ്ത ഫഖീഹ് ആയിരുന്ന കൈപ്പറ്റ ബീരാൻ കുട്ടി മുസ്ലിയാരുടെ ദർസിൽ ചേർന്ന് ആറ് വർഷം പഠനം നടത്തി .ഭൂരിഭാഗം കിത്താബുകളും ഉസ്താദ് ഓതിയത് മഹാനായ കൈപ്പറ്റ ഉസ്താദിന്റെ കീഴിലാണ്. കൈപ്പറ്റ ഉസ്താദ് ഹജ്ജിന് പോകുമ്പോൾ തന്റെ പ്രിയ ശിഷ്യനെ സുഹൃത്തായ കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാരുടെ ദർസിലേക്ക് പറഞ്ഞു വിട്ടു.മൂന്നു വർഷം അവിടെ തുടർന്ന ഉസ്താദ് ഉപരിപഠനാർത്ഥം വെല്ലൂർ ബാഖിയാത്തിൽ ചേരുകയും 1970 ൽ മൗലവി ഫാസിൽ ബാഖവി ബിരുദം കരസ്ഥമാക്കുകയും ചെയ്തു.

ഇ കെ മഹ്മൂദ് മുസ്ലിയാരുടെ കഴിവുകൾ മനസ്സിലാക്കിയ പണ്ഡിതനായിരുന്നു ബാഖിയാത്തിലെ അന്നത്തെ പ്രിൻസിപ്പൽ ശൈഖ് ഹസൻ ഹസ്റത്ത് .അദ്ധേഹത്തിന്റെ നിർദ്ധേശ പ്രകാരം ആണ് ഉസ്താദ് ദയൂബന്ധ് ദാറുൽ ഉലൂമിലേക്ക് ഉപരിപഠനത്തിനായി തിരിച്ചത്.മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മുസ്ലിയാർ,പുറത്തീൽ അഹ്മദ് മുസ്ലിയാർ എന്നിവർ ദയൂബന്ധിലെ സഥീർത്ഥ്യരായിരുന്നു.1971 ൽ ഖാസിമി ബിരുദവും കരസ്ഥമാക്കി.

കണ്ണൂരിലെ പുല്ലക്കൊടി ജുമാമസ്ജിദിൽ മുദരിസായി ആണ് മഹ്മൂദ് ഉസ്താദിന്റെ അധ്യാപന ജീവിതം ആരംഭിക്കുന്നത്.പ്രിയ ഗുരു ശൈഖ് ഹസൻ ഹസ്റത്ത് ആണ് ആ ദർസ് ഉദ്ഘാടനം ചെയ്തത്.മൂന്ന് വർഷം അവിടെ ദർസ് തുടർന്നു.ശേഷം കണ്ണൂർ കാംബസാർ പള്ളി യിൽ ഒരു വർഷം ദർസ് നടത്തി.

ശേഷം കാസർകോട് നീലേശ്വരം ജുമുഅത്ത് പള്ളി യിൽ ഖതീബും മുദരിസുമായി 1976 ൽ ജോലി ഏറ്റെടുത്ത ഉസ്താദ് 43 വർഷമായി ഇന്നും അവടെ തുടരുന്നു.1983 ൽ കാഞ്ഞങ്ങാട് ഖാസി പി എ അബ്ദുല്ല മുസ്ലിയാർ മഹ്മൂദ് ഉസ്താദിനെ നീലേശ്വരം ഖാസി ആയി ബൈഅത്ത് ചെയ്തു.അന്ന് മുതൽ നീലേശ്വരം ഖാസി സ്ഥാനവും ഉസ്താദ് വഹിച്ചു വരുന്നു.

1994ൽ നീലേശ്വരത്ത് ഉസ്താദിന്റെ ശ്രമഫലമായി മർകസുദ്ദഅവത്തിൽ ഇസ്ലാമിയ്യ എന്ന സ്ഥാപനം ആരംഭിച്ചു.പിന്നീട് സമസ്ത കാസർകോട് ജില്ലാ കമ്മിറ്റി അത് ഏറ്റെടുത്ത് നടത്തിവരുന്നു.അവിടെ യും ഉസ്താദിന്റെ മഹനീയ സേവനം തുടരുന്നു.

 1986 മുതൽ സമസ്ത തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റും 1996 മുതൽ സമസ്ത കാസർകോട് ജില്ല ഉപാദ്ധ്യക്ഷനുമായ ഉസ്താദ് 2018 ലാണ് സമസ്ത കേന്ദ്ര മുശാവറയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ബഹു ഖാസിം ഉസ്താദ് വഫാത്തായ ശേഷം സമസ്ത കാസർകോട് ജില്ല ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും ഉസ്താദ് തിരഞ്ഞെടുക്കപ്പെട്ടു.

നീലേശ്വരം,പള്ളിക്കര സംയുക്ത ജമാഅത്ത് ഉൾപ്പെടെയുള്ള നിരവധി മഹല്ലുകളുടെ ഖാസി സ്ഥാനം വഹിക്കുന്ന മഹ്മൂദ് ഉസ്താദ് പാണ്ഡിത്യത്തിന്റെ ഔന്നിത്ത്യത്തിലും വിനയവും ലാളിത്യവും കൈമുതലാക്കിയ സമസ്ത നേതൃനിരയിലെ സൂഫീ സാന്നിദ്ധ്യമാണ് .

റബ്ബേ ഞങ്ങളുടെ പ്രിയ ശൈഖുനാക്ക് നീ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ ആമീൻ

LSS USS RESULT 2025